Read, reflect, and kindle your heart in silent dialogue with God.
ദൈവപുത്രനായ ഈശോമിശിഹായെ ഗർഭംധരിച്ച് പ്രസവിക്കുമെന്ന മംഗള വാർത്ത ഗബ്രിയേൽ മാലാഖ പരിശുദ്ധ കന്യകാമറിയത്തെ അറിയിച്ചു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം.
പ്രാർത്ഥന: മാതാവേ, അങ്ങ് ദൈവതിരുമനസ്സിനു കീഴ്വഴങ്ങിയതുപോലെ, ഞങ്ങളും എല്ലാ കാര്യങ്ങളിലും ദൈവതിരുമനസ്സ് നിറവേറ്റുവാൻ സഹായിക്കണമേ.
ഏലീശ്വാമ്മ ഗർഭിണിയായ വാർത്ത കേട്ടപ്പോൾ, പരിശുദ്ധ കന്യകാമറിയം അവരെ സന്ദർശിച്ച് അവർക്ക് മൂന്നുമാസം ശുശ്രൂഷ ചെയ്തു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം.
പ്രാർത്ഥന: മാതാവേ, മറ്റുള്ളവരെ സഹായിക്കുവാൻ ലഭിക്കുന്ന അവസരങ്ങൾ ഉപയോഗിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.
പരിശുദ്ധ കന്യകാമറിയം, തന്റെ ദിവ്യകുമാരനെ ബെത്ലഹേം നഗരിയിൽ, കാലികളുടെ സങ്കേതമായിരുന്ന ഒരു ഗുഹയിൽ പാതിരായ്ക്ക് പ്രസവിച്ച് ഒരു പുൽത്തൊട്ടിയിൽ കിടത്തി എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം.
പ്രാർത്ഥന: മാതാവേ, സാമ്പത്തിക ക്ലേശങ്ങളും സൗകര്യക്കുറവുകളും അനുഭവപ്പെടുമ്പോൾ അവയെല്ലാം ക്ഷമയോടെ ദൈവകരങ്ങളിൽ നിന്ന് സ്വീകരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ.
പരിശുദ്ധ ദൈവമാതാവ് നാൽപ്പതാം ദിവസം ഉണ്ണീശോയെ ദേവാലയത്തിൽ ശിമയോന്റെ കരങ്ങളിൽ ദൈവത്തിന് സമർപ്പിച്ചു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം.
പ്രാർത്ഥന: മാതാവേ, ഞങ്ങൾക്കുള്ളതെല്ലാം ദൈവത്തിൽനിന്ന് ലഭിച്ച സൗജന്യ ദാനങ്ങളാണെന്ന് മനസ്സിലാക്കി അവയെല്ലാം ദൈവത്തിന് സമർപ്പിച്ചു ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ.
പരിശുദ്ധ ദൈവമാതാവ് തന്റെ ദിവ്യകുമാരന് പന്ത്രണ്ടു വയസ്സു പ്രായമായിരുന്നപ്പോൾ, അവിടുത്തെ കാണാതെ അന്വേഷിച്ചു മൂന്നാം ദിവസം ദേവാലയത്തിൽ കണ്ടെത്തി എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം.
പ്രാർത്ഥന: മാതാവേ, ഈശോയിൽനിന്ന് ഞങ്ങളെ അകറ്റുന്ന എല്ലാം വർജ്ജിക്കുന്നതിനും ഈശോയിലേക്ക് അടുക്കുവാൻ സഹായിക്കുന്ന എല്ലാം സ്വീകരിക്കുന്നതിനും ഞങ്ങളെ അനുഗ്രഹിക്കണമേ.
നമ്മുടെ കർത്താവീശോമിശിഹാ യാർദ്ദാൻ നദിയിൽവെച്ച് സ്നാപകയോഹന്നാനിൽനിന്നും ജ്ഞാനസ്നാനം സ്വീകരിച്ചപ്പോൾ പരിശുദ്ധാത്മാവ് മാടപ്രാവിന്റെ രൂപത്തിൽ സ്വർഗ്ഗത്തിൽനിന്നും തന്നിലേക്ക് ഇറങ്ങിവന്നതിനെപ്പറ്റി നമുക്ക് ധ്യാനിക്കാം.
പ്രാർത്ഥന: മാതാവേ, അമ്മയുടെ മാദ്ധ്യസ്ഥം വഴി പരിശുദ്ധാത്മാവ് ഞങ്ങളിൽ വന്നു നിറയുവാൻ ഇടയാക്കണമേ.
യേശുനാഥൻ അവിടുത്തെ അമ്മയായ പരിശുദ്ധ മറിയത്തിന്റെ ആഗ്രഹപ്രകാരം കാനായിലെ വിവാഹവിരുന്നിൽവെച്ച് പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയ ആദ്യ അത്ഭുതത്തെ ഓർത്തു നമുക്ക് ധ്യാനിക്കാം.
പ്രാർത്ഥന: മാതാവേ, ഞങ്ങളുടെ എല്ലാ വിഷമസന്ധികളിലും ഞങ്ങൾക്കുവേണ്ടി അവിടുത്തെ തിരുകുമാരനോട് മാദ്ധ്യസ്ഥം അപേക്ഷിക്കണമേ.
യേശുനാഥൻ അവിടുത്തെ മലയിലെ പ്രസംഗത്തിൽക്കൂടി സ്വർഗ്ഗീയപിതാവിന്റെ സനാതന തത്വങ്ങൾ ലോകത്തിന് വെളിപ്പെടുത്തിയതിനെ ഓർത്തു നമുക്ക് ധ്യാനിക്കാം.
പ്രാർത്ഥന: മാതാവേ, ദൈവവചനം ഞങ്ങളുടെ ഹൃദയത്തിൽ സംഗ്രഹിച്ച് വചനാത്മകമായി ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ.
കർത്താവായ യേശു താബോർ മലയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ അരുമശിഷ്യന്മാർക്ക് തന്റെ രൂപാന്തരീകരണത്തിൽക്കൂടി സ്വർഗ്ഗീയ മഹത്വം വെളിപ്പെടുത്തിക്കൊടുത്തതിനെ ഓർത്തു നമുക്ക് ധ്യാനിക്കാം.
പ്രാർത്ഥന: മാതാവേ, ഞങ്ങളുടെ ജീവിതത്തിൽ യേശു അനുഭവമുണ്ടാകുവാൻ ഞങ്ങളെ ശക്തരാക്കണമേ.
യേശു തന്റെ അന്ത്യഅത്താഴ വേളയിൽ വി. കുർബാന സ്ഥാപിച്ച് അപ്പവും വീഞ്ഞും കൈയിലെടുത്ത്, തന്റെ ശരീരരക്തങ്ങളാക്കി മാറ്റി, തന്റെ നിത്യമായ സാന്നിദ്ധ്യം ലോകത്തിന് നൽകിയതിനെ ഓർത്തു നമുക്ക് ധ്യാനിക്കാം.
പ്രാർത്ഥന: മാതാവേ, യേശുവിനെ അമ്മ ലോകത്തിന് പ്രധാനം ചെയ്തതുപോലെ ഞങ്ങളുടെ ജീവിതംവഴി യേശുവിനെ മറ്റുള്ളവർക്ക് നൽകുവാൻ ഞങ്ങളെ പഠിപ്പിക്കണമേ.
നമ്മുടെ കർത്താവീശോമിശിഹാ പൂങ്കാവനത്തിൽ വെച്ച് രക്തം വിയർത്തു പ്രാർത്ഥിച്ച ദുഃഖകരമായ ദിവ്യരഹസ്യത്തെപ്പറ്റി നമുക്ക് ധ്യാനിക്കാം.
പ്രാർത്ഥന: വ്യാകുലമാതാവേ, മനുഷ്യരുടെ പാപങ്ങൾ ഓർത്ത് ദുഃഖിക്കുന്നതിനും അവയ്ക്ക് പരിഹാരം ചെയ്യുന്നതിനും ഞങ്ങളെ സഹായിക്കണമേ.
നമ്മുടെ കർത്താവീശോമിശിഹാ പീലാത്തോസിന്റെ അരമനയിൽ വെച്ച് ചമ്മട്ടികൊണ്ട് അടിക്കപ്പെട്ടു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം.
പ്രാർത്ഥന: മാതാവേ, നഗ്നമായ വസ്ത്രധാരണവും നിർമ്മലമല്ലാത്ത സുഖസൗകര്യങ്ങളും ഞങ്ങളുടെ കുടുംബങ്ങളിൽ കടന്നുപറ്റാതിരിക്കuവാൻ ഞങ്ങളെ സഹായിക്കണമേ.
നമ്മുടെ കർത്താവീശോമിശിഹായെ പടയാളികൾ മുൾമുടി ധരിപ്പിച്ചു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം.
പ്രാർത്ഥന: മാതാവേ, ഈശോയ്ക്ക് ഇഷ്ടമില്ലാത്ത യാതൊന്നിനും ഞങ്ങളുടെ ഓർമ്മയിലും ബുദ്ധിയിലും മനസ്സിലും പ്രവേശനം നൽകാതിരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ.
നമ്മുടെ കർത്താവീശോമിശിഹാ കുരിശു വഹിച്ച് ഗാഗുൽത്താമലയിലേക്ക് പോയി എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം.
പ്രാർത്ഥന: മാതാവേ, അപമാനങ്ങളും സങ്കടങ്ങളും ഞങ്ങൾക്കനുഭവപ്പെടുമ്പോൾ, ക്ഷമയോടെ അവ വഹിക്കുവാൻ ഞങ്ങളെ സഹായിക്കണമേ.
നമ്മുടെ കർത്താവീശോമിശിഹാ രണ്ടു കള്ളന്മാരുടെ മധ്യേ കുരിശിന്മേൽ തറയ്ക്കപ്പെട്ടു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം.
പ്രാർത്ഥന: മാതാവേ, ഞാൻ ലോകത്തിനും ലോകം എനിക്കും ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്ന മനസ്ഥിതിയോടെ ദുരാഗ്രഹങ്ങളെ ക്രൂശിച്ചു ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ.
നമ്മുടെ കർത്താവീശോമിശിഹാ മരിച്ചു മൂന്നാംദിവസം ഉത്ഥാനം ചെയ്തു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം.
പ്രാർത്ഥന: മാതാവേ, ഒരിക്കൽ ഉത്ഥാനം ചെയ്യാനുള്ള ഞങ്ങളുടെ ശരീരങ്ങളെ നിർമ്മലമായി സൂക്ഷിക്കുവാൻ ഞങ്ങളെ സഹായിക്കണമേ.
നമ്മുടെ കർത്താവീശോമിശിഹാ ഉയർപ്പിനുശേഷം 40-ാം ദിവസം സ്വർഗ്ഗാരോഹണം ചെയ്തു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം.
പ്രാർത്ഥന: മാതാവേ, സ്വർഗ്ഗപിതാവിന്റെ പക്കൽ ഞങ്ങൾക്കൊരു മധ്യസ്ഥനുണ്ട് എന്ന ബോധ്യത്തോടെ ഉത്കണ്ഠകൂടാതെ ജീവിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ.
പന്തക്കുസ്ത തിരുനാൾ ദിവസം പരിശുദ്ധ കന്യകാമറിയവും ശ്ലീഹന്മാരും പരിശുദ്ധാത്മാവിനെ സ്വീകരിച്ചു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം.
പ്രാർത്ഥന: മാതാവേ, ഞങ്ങളുടെ ആത്മാക്കളിൽ പ്രസാദവരംവഴി എഴുന്നള്ളിയിരിക്കുന്ന പരിശുദ്ധാത്മാവിന്റെ സാന്നിധ്യം ഓർമ്മിച്ചുകൊണ്ട്, ഞങ്ങളുടെ ജീവിതം നിയന്ത്രിക്കുവാൻ ഞങ്ങളെ സഹായിക്കണമേ.
പരിശുദ്ധ കന്യകാമറിയം തന്റെ ഇഹലോകജീവിതം അവസാനിച്ചപ്പോൾ സ്വർഗ്ഗാരോപിതയായി എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം.
പ്രാർത്ഥന: മാതാവേ, ഞങ്ങളുടെ മരണ സമയത്ത് ഞങ്ങളെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുവാൻ ഞങ്ങളുടെ സമീപത്തുണ്ടായിരിക്കണമേ.
പരിശുദ്ധ കന്യകാമറിയം സ്വർഗ്ഗഭൂലോകങ്ങളുടെ രാജ്ഞിയായി ഉയർത്തപ്പെട്ടു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം.
പ്രാർത്ഥന: മാതാവേ, സ്വർഗ്ഗ ഭാഗ്യത്തെ മുന്നിൽകണ്ടുകൊണ്ട്, ഇഹലോകജീവിതത്തിലെ കുരിശുകൾ സന്തോഷത്തോടെ സ്വീകരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ.